Pages

Thursday, September 12, 2019

ഓണം ഒത്തുചേരലുകളുടെയും ഉത്സവമാണ്.

ഇത്തവണത്തെ ഗ്രൗണ്ടിലെ ഒത്തുചേരൽ

ഓരോ കാലത്തും ആഘോഷങ്ങളുടെ രൂപം മാറും ഭാവം മാറും, സോഷ്യൽ മീഡിയയുടെ കാലം , ഉപ്പേരി മുതൽ ഊണുവരെ വീട്ടിൽ ഡെലിവറി ചെയ്യുന്ന കാലം, നമ്മുടെ ആഘോഷത്തിനുവേണ്ടി തമിഴ്‌നാട്ടിൽ കുറച്ചു വിഷമൊക്കെ കുടിച്ചു വിളയുന്ന  ജമന്തിയും പിച്ചിയുംഎന്തിനു  ഉള്ളിയും പച്ചക്കറികളും ചേർത്ത് ഉണ്ണുന്ന മലയാളികളിൽ ഒരാളായി ഞാനും. ഉത്രാടപാച്ചിലിനു ശേഷമാണ് കരുനാഗപ്പള്ളിയിലേക്കു പോയത്, കുറച്ചു തുണിയും പൂവും വാങ്ങണം. പൂ വീട്ടിലേക്കു മാത്രം പോരാ, ഗ്രൗണ്ടിലേക്കും വേണം പ്രോഗ്രാം ഒന്നും നടത്താൻ ഇപ്പോഴുത്തെ KRC ക്കാർക്ക് സമയമില്ലെങ്കിലും ഒരു പൂ എങ്കിലും ഇട്ടില്ലെങ്കിൽ എങ്ങനെ. അങ്ങനെ രണ്ടുകവർ പൂ വാങ്ങി , ഒരെണ്ണം ക്ലബ് പ്രേസിടെന്റിന്റെ വീട്ടിൽ രാത്രിയിൽ തന്നെ ഏൽപ്പിച്ചു, അവൻ വീട്ടിൽ ഉണ്ടായിരുന്നില്ല, രാവിലെ കാണാം, പൂ വാങ്ങി വീട്ടിൽ  കൊടുത്തിട്ടുണ്ട്  തിരികെ വരുന്ന വഴി വഴിയിൽ  അവനെ കണ്ടപ്പോൾ പറഞ്ഞു..

രാവിലെ എണീറ്റ് പൂ ഇടാനായിരുന്നുപ്ലാൻ. എണീറ്റപ്പോൾ  താമസിച്ചു, പാക്കറ്റ് ഓണം അല്ലാത്തതിനാൽ വീട്ടിൽ സ്ത്രീകൾക്ക് പിടിപ്പതു പണി, പൂ ഇടാൻ വിളിച്ചാൽ ഉച്ചക്ക് ഊണ് നടക്കില്ല, അങ്ങനെയാണ് ശ്രീക്കുട്ടി ഹരികുട്ടനെ കൂടെ കൂട്ടിയത് അത് കണ്ടു അയലത്തു വീട്ടിലെ ജസീലയുടെ മകൻ മോനായിയും അലാവുദിയ്ക്കയുടെ മകൾ സുൽത്താനയും കൂടെ കൂടി, തലേന്ന് വീട്ടിൽ കൊടുത്ത പൂവുമായി മഹേഷും വന്നു, ഗ്രൗണ്ടിൽ പൂ ഇടാൻ ആളില്ല പോലും.ചന്ദുവും മഹേഷും ചിഞ്ചുവും ഞാനും പിള്ളേരും കൂടി പൂ റെഡി ആക്കി. വീട്ടിലെ പൂ  എല്ലാരുംകൂടെ വേഗംമിട്ടു തീർത്തു. അതിനു ശേഷം ഗ്രൗണ്ടിലേക്ക്.

കഴിഞ്ഞ ഒരാഴ്ചയായി അവിടെ സെഞ്ചുറിക്കാർ ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു, അവർ അവിടുത്തെ ഹെൽത്ത്ന്റെ ഓഫീസിൽ റൂമിൽ ആണ് സൗണ്ട് സിസ്റ്റം സെറ്റ് ചെയ്തിരിക്കുന്നത്, ഫുട്ബോളിൽ പരസ്പരം മത്സരിച്ചിരുന്നവർ ഒന്നിച്ചിരുന്നു ഡിസൈൻ സെറ്റ് ചെയ്യുന്നതും  പൂവിടുന്നതും സെൽഫി എടുക്കുന്നതുമായ കാഴ്ചയാണ് അവിടെ കണ്ടത്. മൈനാഗപ്പള്ളി തൈക്കാവ്മുക്കിലെ പേരറിയാത്ത ഒട്ടേറെ അനുജന്മാരോടൊപ്പം ( കഹാറിനെയും , ഷാജുവിനെയും ഷിറാസിനെയും നൗഫലിനെയും മറക്കുന്നില്ല )  തിരുവോണപകൽ പാട്ടും ഫുട്ബോൾ കളിയും പൂവിടലുമൊക്കയായി ചെലവഴിക്കാൻ കഴിഞ്ഞത്  ആഘോഷത്തിനു മാറ്റുകൂട്ടുവാൻ അവരുടെ സൗണ്ട് സിസ്റ്റം ഞങ്ങൾക്കായി തന്നത് സുഖകരമായ ഒരു അനുഭവമാണ്.

അതെ ഓണം ഒത്തുചേരലുകളുടെയും ഉത്സവമാണ്.

Thursday, September 5, 2019

ഭാരതത്തിന്റെ ചന്ദ്രയാൻ II

നമ്മൾ ചന്ദ്രനിൽ എത്തുവാൻ മണിക്കൂറുകൾ മാത്രം , ഭാരതത്തിലെ ഒട്ടുമിക്ക പ്രാദേശിക കലണ്ടറുകളും ചന്ദ്രനെ പ്രതിയാണല്ലോ , പ്രകൃതിയെ ആരാധിച്ചുപോരുന്ന സമൂഹം അവരുടെ ആരധനാ മൂർത്തിയുടെ രഹസ്യങ്ങൾ തേടി അന്യഗ്രഹങ്ങളിലേക്കും ഉപഗ്രഹങ്ങളിലേക്കും യാത്രചെയ്യുന്നു. ശാസ്ത്രം പുതിയ ഉയരങ്ങൾ കീഴടക്കുന്നു. 1962 ൽ  ശീത സമരത്തിന്റെ ഭാഗമായി അമേരിക്കൻ പ്രെഡിഡന്റ് ജോൺ എഫ് കെന്നഡി ഈ ദശവര്ഷം അവസാനിക്കുന്നതിനു മുമ്പ് തന്നെ മനുഷ്യനുമായി നാസയുടെ പേടകം ചന്ദ്രനിൽ ഇറങ്ങുമെന്നും അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കും എന്നും പ്രഖ്യാപിച്ചു. പിന്നീട് നടന്നത് ചരിത്രമാണ്. പ്രോഗ്രാം അപ്പോളോ എന്ന സീരീസ് പ്രോഗ്രാമിലൂടെ 1969 ജൂലൈ  20 നു നീൽ ആംസ്ട്രോങ്ങും കൂട്ടരും ആദ്യമായി ചന്ദ്രനിൽ ഇറങ്ങി. അവർ അവിടെനിന്നും ഏകദേശം 400 കിലോയോളം പാറകളും ധാതുക്കളുമായി സുരക്ഷിതമായി തിരിച്ചെത്തി. അമാനുഷികമെന്നു കരുതിയിരുന്നതിനെ ശാസ്ത്രം കീഴടക്കിയത് അത്ഭുതത്തോടെ ലോകം നോക്കി നിന്നു. അവർകൊണ്ടുവന്ന ധാതുക്കൾ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ പരീക്ഷണങ്ങളിലൂടെ വിശകലനം ചെയ്തു. ലോകഉത്പത്തിയും ഭൂമിക്കു പുറത്തുള്ള ജീവന്റെ നിലനിപ്പുമൊക്കെ അവർ ഇന്നും  ചർച്ചചെയ്യുന്നു


അമ്പതു വർഷത്തിന് ശേഷം ISRO യിലൂടെ നമ്മളും ലോകത്തിനു മുന്നിൽ വിസ്മയം കാട്ടുവാൻ പോകുന്നു. ബാംഗ്ലൂർ കണ്ട്രോൾ സെൻട്രലിൽ ഇരുന്നുകൊണ്ട് അവർ വിക്രത്തിന്റെ നിയന്ത്രിച്ചു ചന്ദ്രപ്രതലത്തിൽ ഇറക്കുമ്പോൾ നമ്മളും ചരിത്രം കുറിക്കും. വളരെ ചെലവുകുറഞ്ഞ രീതിയിൽ ലോകത്തിനു മാതൃകയായി നമ്മൾ ചൊവ്വാദൗത്യം വിജയകരമായി പൂർത്തീകരിച്ചതാണ്. മംഗളയാൻ II 2024 ചൊവ്വായെ ലക്ഷ്യമാക്കി കുതിക്കും..

earthrise apollo nasa AS8 14 2383HR

ഇതൊക്കെ എങ്കിലും അപ്പോളോ മിഷൻ ന്റെ ഭാഗമായി ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങുന്നതിനു മുമ്പ് ചന്ദ്രനെ വലംവെച്ച അപ്പോളോ 8 1968 ഡിസംബർ 24  ക്രിസ്തുമസ് രാത്രിയിൽ പുറത്തുവിട്ട ഭൂമിയുടെ ആദ്യ ചിത്രം ലോകത്തെ മാറ്റിമറിച്ചത് വലിയ രീതിയിലായിരുന്നു. മറ്റൊരുലോകത്തു നിന്ന് നോക്കുമ്പോൾ നമ്മൾ എത്ര ചെറുതെന്നും , നമ്മൾ നമ്മുടെ പ്രകൃതിയെ എത്ര സൂക്ഷ്മമായും കരുതലോടെയും സംരക്ഷിക്കണമെന്നും ലോകം ചർച്ചചെയ്തു. ലോക പ്രകൃതി ദിനത്തിൽ ഈ ചിത്രം ചർച്ചയായി. വ്യാവസായികവിപ്ലവത്തിലൂടെ നദികളും സമുദ്രവും പുഴയും മലിനമായ അമേരിക്കപോലെയുള്ള രാജ്യങ്ങൾ അവരുടെ പ്രകൃതിയെ സംരക്ഷിക്കുവാൻ മുന്നിട്ടിറങ്ങി. അവർ ഇതിൽ വിജയിച്ചു.

Image result for chandrayan 2

ഇന്ന് നാം പ്രകൃതിചൂഷണം പ്രകൃതിമലിനീകരണം എന്നിവയുടെ വളരെ മോശം അവസ്ഥയിലൂടെയാണെല്ലോ കടന്നുപോകുന്നത് ,  വിക്രംമിന്റെ ചന്ദ്രനിലൂടെയുള്ള  പ്രയാണം നമുക്ക് നമ്മുടെ ഭൂമിയെ കുറിച്ച് ചിന്തിക്കുവാനുള്ള അവസരം നൽകട്ടെ , പ്ലാസ്റ്റിക് വസ്തുകൾ വലിച്ചെറിയാത്ത മലിനമായ പുഴകൾ ഇല്ലാത്ത ശുദ്ധമായ വായുവും കുടിവെള്ളവും ലഭിക്കുന്ന  എല്ലാവരും ഒന്നായി ജീവിക്കുന്ന ഭാരതത്തെ നിർമ്മിക്കുവാൻ  പ്രേരിതമാകട്ടെ. ISRO യിലൂടെ ലോകത്തിന്റെ മുന്നിൽ പുതിയ  ചരിത്രം രചിക്കുവാൻ ഭാരതത്തിനാവട്ടെ.

വിക്രം സുരക്ഷിതമായി ചന്ദ്രനിൽ ഇറങ്ങട്ടെ...
ആശംസകൾ.


Friday, July 12, 2019

ക്രിക്കറ്റ് ജ്വരം പടർന്നു പിടിച്ച കാലം.

ലോകകപ്പ് ആവേശം ഇന്ത്യയിൽ അവസാനിച്ചല്ലോ, ജീവിതയാത്രയിൽ , വ്യക്തിപരമായി ക്രിക്കറ്റ് ആവേശം ഇടക്ക് എവിടെയോ വീണുപോയെങ്കിലും ക്രിക്കറ്റിന്റെ പുറകിൽ വലിയ അഭിനിവേശത്തോടെ നടന്ന ഒരു കാലഘട്ടം ഞങ്ങൾ സുഹൃത്തുക്കൾക്കുമുണ്ടായിരുന്നു.
മൈനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലെയും വയലുകളിൽ ആവേശം വാരിവിതറിയ ടൂർണമെന്റുകൾ , പിച്ച് ചെയ്തുകഴിഞ്ഞാൽ കാണുവാൻ കഴിയാത്ത വിധം മൂളി ബാറ്റു ചെയ്യുവാൻ നില്കുനന്നവരെ കടന്നു പോകുന്ന ചെൽസൺ  , സ്ടമ്പേഴ്സ് റബ്ബർ പന്തുകൾ ,  ഫീൽഡിൽ ജോണ്ടി റോഡ്സിനെ പോലെ ബാറ്റിങ്ങിൽ സച്ചിനെയും അസ്സറിനെയും ജഡേജയെയും പോലെ  മാസ്മരികത കാഴ്ചവെക്കുവാൻ ശ്രമിച്ചു  നടന്നിരുന്ന മനോഹരമായ ബാല്യവും കൗമാരവും. ഇന്ന് കണ്ടം വഴി ഓടിക്കുകയാണെങ്കിൽ അന്ന് അടിച്ചു കണ്ടം കാണിക്കുകഎന്ന് പറയുന്നതായിരുന്നു ട്രെൻഡ് , കൂടാതെ 5 രൂപ 10 രൂപ 25 രൂപ മത്സരങ്ങൾ. എന്തൊരു ആവേശമായിരുന്നെന്നോ...


എവിടെപ്പോയാലും വൈകുന്നേരം ഗ്രൗണ്ടിൽ എത്തുകയും KRC യുടെ സീനിയർസ് പന്തുകളി തുടങ്ങുന്നതിനു മുമ്പ് മിനിമം 10 ഓവറെങ്കിലും  കളിക്കുക, ഫുട്ബോൾ കളി തുടങ്ങുമ്പോൾ  ഗ്രൗണ്ടിന്റെകിഴക്കു ഭാഗത്തേക്ക് മാറ്റി അവിടെ ക്രിക്കറ്റ് കളിക്കുക, ഫുട്ബോൾ കളിക്കാൻ ആളില്ലാതെ വരുമ്പോൾ ക്രിക്കറ്റ് വിരോധികൾ സ്റ്റമ്പും ബാറ്റും എടുത്തുകൊണ്ടുപോകുന്ന ഗുണ്ടായിസം , കളിക്കുന്നതിനിടക്ക് കെ ആർ സിയുടെ അഗാർക്കർ, യോർക്കർ മാത്രം എറിയുന്ന വിക്കിക്ക് (മഹേഷ്) എതിരെ ബാറ്റ് ചെയ്യുക, അവനെ ബൗണ്ടറി കടത്താൻ എന്ത് പാടായിരുന്നെന്നോ , അവധി ദിവസങ്ങളിൽ റെയിൻബോ സമ ത  വടക്കൻ മൈനാഗപ്പള്ളിക്കാർക്ക് എതിരെയുള്ള  മത്സരങ്ങൾ , സ്കൂൾ വെക്കേഷൻ സമയത്തെ ക്രിക്കറ്റ് ടൂർണമെന്റുകൾ. പതാരം , കുമരംചിറ അമ്പലഗ്രൗണ്ട് മുതൽ തേവലക്കര വരെ, കുറ്റിവട്ടം വയൽ മുതൽ ശാസ്താംകോട്ട കോളേജ് ഗ്രൗണ്ട് വരെ പടർന്നു കിടർന്നിരുന്ന ക്രിക്കറ്റ് വസന്തം. ഇതിനിടയിൽ കളിച്ച എത്രയോ മത്സരങ്ങൾ, അവതന്ന അനുഭവങ്ങൾ, സുഹൃത്തുക്കൾ, മറക്കുവാൻ കഴിയാത്ത എത്രയോ നിമിഷങ്ങൾ, ജീവിതത്തിൽ ആദ്യമായി സിക്സ് അടിച്ചത് സെഞ്ചുറി യുടെ ഫാസ്റ്റ് ബൗളർ നിസാഇക്കയെ, അതിന്റെ ഞെട്ടൽ ഇന്നും മാറിയിട്ടില്ല, ഏതോ ഒരു ടീമിനെതിരെ പതിനഞ്ചു ഓവർ ഗെയിമിൽ പഞ്ചായത്തു ഗ്രൗണ്ടിൽ അടിച്ച 94 , വടക്കൻ മൈനാഗപ്പള്ളിയിൽ മറ്റൊരു ടീമിന് വേണ്ടി കളിക്കാൻ പോയി  നാട്ടിൽ വീടിനടുത്തുള്ള  ടീമിനെ തോൽപ്പിച്ചപ്പോൾ അതിനോടുള്ള കലിപ്പ് തീർക്കാനായി അവന്മാർ സൈക്കിൾ കൈതക്കാട്ടിൽ പാത്തു വെച്ചത്, അവിടെ തന്നെ ഫൈനലിൽ ജയിക്കുവാൻ വളരെ കുറച്ചു റൺസ് വേണ്ടപ്പോൾ പൊട്ടിയ പന്തിട്ടു എറിഞ്ഞു ബൗണ്ടറി ലൈനിൽ ക്യാച്ച് എടുത്തു ഔട്ടായതും ആ ഓവർ ചെയ്തവൻ ഇപ്പൊ വിളിക്കുമ്പോഴും അത് പറഞ്ഞു ചിരിക്കുന്നതും പതിനഞ്ചു ഓവർ മാച്ചിൽ വിക്കിയും ശ്രീകാന്തും കൂടെ എറിഞ്ഞു 37  റൺസിന്‌ ഓൾ ഔട്ട് ആയ കെ ആർ സിയെ ജയിപ്പിച്ചതുമൊക്കെ ക്രിക്കറ്റ് നൽകിയ ഒരിക്കലും മറക്കുവാൻ കഴിയാത്ത  ഓർമകളാണെങ്കിൽ ഈ കളിയ്ക്കാൻ നടക്കുന്നതിനിടയിൽ ഞങ്ങളുടെ ഇടയിലൂടെ നടന്ന മറ്റൊരു വ്യക്തിയുണ്ട്, ചെവികേൾക്കാത്ത സംസാരിക്കുവാൻ കഴിയാത്ത  ഓപ്പണിങ് ഇറങ്ങിയാൽ അവസാന ഓവർ വരെ നിന്ന് ബാറ്റു ചെയ്യുന്ന സ്വന്തം പെർഫോമൻസ് കൊണ്ട് ടീമിനെ വിജയിപ്പിച്ചിരുന്ന  എല്ലാവരും പൊട്ടൻ എന്ന് വിളിച്ചിരുന്ന മാസ്മരികമായ കഴിവുണ്ടായിരുന്ന ഒരു റബ്ബർ ബോൾ ക്രിക്കറ്റെർ. അവൻ എവിടെയാണെന്നോ എന്ത് ചെയ്യുന്നെന്നോ അറിയിയല്ല. അവനെ ഓർമയുള്ളവർ അറിയാവുന്ന ഡീറ്റെയിൽസ് പറയുമല്ലോ.

റബ്ബർപന്തുകകൾ  നൽകുന്ന ഓർമയിൽ   കെ ആർ സിയും ഓപ്പണറായി കൂടെ ഇറങ്ങുന്ന അരുണും ബൗൾ ചെയ്തു ജയിപ്പിക്കുന്ന വിക്കിയും കാന്തനും കിരണും ശ്യാമും മനുവും മനോജ് ജയരാജ്  അണ്ണൻ രധുരാജ് സർ ഒക്കെ ഇങ്ങനെ നിറഞ്ഞു നിൽക്കും. ക്രിക്കറ്റും ഫുട്ബോളും ബാഡ്മിന്റണുമായി നിറഞ്ഞു നിന്നിരുന്ന പഞ്ചായത്തു ഗ്രൗണ്ട് ഇടക്കൊക്കെ ഈ കഥകൾ ഞങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കും.


Wednesday, July 3, 2019

ഗ്രാനൈറ്റ് എടുക്കാൻ പോയപ്പോൾ

കുറച്ചു കാലമായി വീടുപണിയുടെ പുറകിലാണ്, പുതിയ മേഖല, പലതും പഠിച്ചുകൊണ്ടിരിക്കുന്നു , ബാംഗ്ലൂർ വന്നിട്ട് പന്ത്രണ്ടു വര്ഷം കഴിയുന്നു, ഇതിനിടയിൽ ഒന്നുരണ്ടു  തവണ തെക്കേ ഇന്ത്യയിലെ ഗ്രാനൈറ്റ് ഹബ് ആയ ജിജിനിയിൽ പോയിട്ടുണ്ട്,  വീടിനു കോൺട്രാക്ടർ ടെ എഗ്രിമെന്റ് പ്രകാരം ടൈൽ ആണ് പ്ലാൻ ചെയ്തിരുന്നത്, കുറച്ചു ഭാഗം കക്ഷി തന്നെ ഗ്രാനൈറ്റ് ഇടും.  70 രൂപ വരെയുള്ള ടൈൽ  സെലെക്ഷൻ ചെയ്യുവാൻ  വീടിന്റെ കോൺട്രാക്ടിൽ അവസരം ഉണ്ട് ,. ബാംഗ്ലൂർ ഗ്രാനൈറ്റിന് വില കുറവാണ് എന്നറിഞ്ഞു രണ്ടു മാസത്തിനു മുമ്പ് അവിടെപ്പോയി വിലതിരക്കിയപ്പോൾ ഒരു 90 രൂപയ്ക്കു നല്ല ഗ്രാനൈറ്റ് ലഭിക്കും എന്നറിഞ്ഞു , കുറച്ചു പൈസ transportation നു ചെലവാക്കിയാൽ വീടുമുഴുവൻ ഗ്രാനൈറ്റ് ഇടാം. ഗ്രാനൈറ്റ് പ്രകൃതിയിൽ നിന്ന് ലഭിക്കുന്നതായതിനാൽ വാതംപോലെയുള്ള അസുഖങ്ങളിൽ നിന്നും കുറേയൊക്കെ ശമനം ലഭിക്കുകയും ചെയ്യും. ടൈൽ ഒരു തവണ ഇട്ടാൽ ഒന്ന് മാറ്റി ഉപയോഗിക്കുവാൻ കഴിയില്ല. എന്നാൽ ഗ്രാനൈറ്റ് ഇളക്കി പിന്നീട് വീട്ടിൽ എന്തെങ്കിലും ചെയ്യുമെങ്കിൽ ഇളക്കി എടുത്തു മാറ്റി ഉപയോഗിക്കുവാനും പറ്റും ,  അങ്ങനെയാണ് ഗ്രാനൈറ്റ് എന്നതിലേക്ക് ചിന്ത എത്തുന്നത്. ഈ കാര്യങ്ങൾ ഒക്കെ മറ്റൊരു സുഹൃത്തുമായി പങ്കുവച്ചപ്പോൾ കക്ഷിക്കും കുറച്ചു ഗ്രാനൈറ്റ് വേണം എന്നായി. ആദ്യം കക്ഷിയും ടൈൽ പ്ലാൻ ചെയ്ത വ്യക്തി ആയിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം ജിഗിനിയിൽ നിന്നും ഏകദേശം 5000 square ഫീറ്റ് ഓളം ഗ്രാനൈറ്റ് എടുത്തു. ഇടയ്ക്കു നാട്ടിൽപോയപ്പോൾ അവിടെ ഒന്ന് രണ്ടുകടകളിൽ പോയി വില വിവരം നോക്കിയിരുന്നു. അവിടെ കണ്ടു ഇഷ്ടപ്പെട്ട ഒന്ന് രണ്ടുമോഡൽ ആണ് എടുത്തത്.  ആദ്യം പോയപ്പോൾ പരിചയപ്പെട്ട ഒരു സുഹൃത്ത് ട്രാൻസ്‌പോർട്ടേഷൻ അറേഞ്ച് ചെയ്തുതന്നു.

ഞാൻ എടുത്തതു Square ഫീറ്റിന് ഏകദേശം 125 - 130 രൂപ റേഞ്ചിൽ ഗ്രാനൈറ്റ് നാട്ടിൽ സൈറ്റിൽ എത്തും.  മൂന്നര അടി പൊക്കത്തിൽ പത്തടി നീളത്തിൽ ആണ് ഇവിടെ ഗ്രാനൈറ്റ് കിട്ടുക.അങ്ങനെ കഴിഞ്ഞ കുറേകാലമായി നടത്തുന്ന ഗ്രാനൈറ്റ് വേട്ട അവസാനിപ്പിച്ചു. 

ഏതെങ്കിലും സുഹൃത്തുക്കൾക്ക് ഗ്രാനൈറ്റ് വേണമെങ്കിൽ നിങ്ങൾ കൂടെ വന്നാൽ സംഭവം നമ്മൾ സെറ്റ് ചെയ്തു തരും. ജോലി ചെയ്യതസമയത് ഒരു സൈഡ് ബിസിനസ് ആർക്കാണ് ചെയ്യാൻ താല്പര്യം ഇല്ലാത്തതു. 

Wednesday, May 22, 2019

തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുമ്പോൾ


അടുത്ത അഞ്ചു വർഷം ഭാരതം ആരുഭരിക്കുമെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി, പരസ്യ പ്രചാരണത്തെക്കാളും കൂടുതൽ സോഷ്യൽ മീഡിയ impact ഉണ്ടാക്കിയ തെരഞ്ഞെടുപ്പ്, ഓരോ സ്ഥാനാർഥികളെയും രാഷ്ട്രീയ കക്ഷികളെയും വ്യക്തിപരമായി ഓരോ സമ്മദിദായകരും  ഇന്റർനെറ്റിന്റെ സഹായത്തോടെ മനസിലാക്കിയാവും അവരുടെ സമ്മതിദാനം വിനിയോഗിച്ചത്. കള്ളത്തരങ്ങളെയും വ്യാജവാർത്തകളെയും നിയന്ത്രിക്കുവാൻ സോഷ്യൽമീഡിയിലെ ഭീമന്മാർ തന്നെ മുന്നിട്ടിറങ്ങേണ്ടി വരുന്ന കാലഘട്ടം, ഇനിയും അത്തരം കാര്യങ്ങളിൽ പൂർണത കൈവരിച്ചില്ലെങ്കിലും വരും കാലത്തു വ്യാജവാർത്തകൾ പൂർണമായി ഒഴിവാക്കുവാൻ കഴിയുമെന്നും സോഷ്യൽമീഡിയക്ക് ജനാധിപത്യ പ്രക്രിയയിൽ വളരെ ഏറെ സംഭാവന ചെയ്യുവാൻ കഴിയുമെന്നും പ്രത്യാശിക്കാം.

ഇതൊക്കെ സോഷ്യൽ മീഡിയയുടെ ഗുണങ്ങളെങ്കിൽ വ്യക്തിഹത്യ വെറുപ്പ് അനാവശ്യ വാഗ്‌വാദങ്ങൾ ഒക്കെ യാണ് സാമൂഹിക മാധ്യമങ്ങളിൽ  അരങ്ങുവാഴുന്നത് വ്യക്തിബന്ധങ്ങൾ നശിക്കുന്നുവെന്നതും അറിവുകൾ പരിമിതപ്പെടുന്നുവെന്നതുമാണ് ഇത്തരം പ്രവണതയുടെ ഫലം. തിരഞ്ഞെടുപ്പ് ഫലം എന്ത് തന്നെ ആയാലും അതിനെ അംഗീകരിക്കാനും അടുത്ത അഞ്ചുവർഷം നാടിൻറെ പുരോഗമനത്തിനായി ഒരുമിച്ചു നിന്ന് പ്രവർത്തിക്കാനും എല്ലാവര്ക്കും ആവട്ടെ. രാഷ്ട്രീയം രാഷ്ട്രത്തിനുവേണ്ടിയും സാമൂഹിക മാധ്യമങ്ങൾ അറിവും സ്നേഹവും പകരുന്ന ഒരിടമായി മാറട്ടെ.


Monday, April 22, 2019

ജനാധിപത്യത്തിന്റെ ആവേശം കൊടുമ്പിരി കൊള്ളുമ്പോൾ

കേരളം ഒരിക്കൽക്കൂടി പോളിങ്ബൂത്തിലേക്കു പോകുമ്പോൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ആവേശമാണ് ഓരോ ഇടവഴിയിലും കാണുവാൻ കഴിഞ്ഞത്. പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ ആവേശം അക്രമമായി മാറിയതും കുറെ ഏറെ പ്രവർത്തകർ പരിക്കുമായി  ആശുപത്രികളിൽ എത്തിയതും ചിന്തിക്കേണ്ട വിഷയമാണ്. കൂടാതെ വൃശ്ചിക മാസത്തെക്കാളും കൂടുതൽ ശരണംവിളി മുഴങ്ങിയ എലെക്ഷൻ ആണ് ഇത്തവണത്തേത്, പ്രബുദ്ധർ എന്ന് നമ്മൾ സ്വയംവിശേഷിപ്പിക്കുന്നെങ്കിലും മലയാളിയെ സംബന്ധിച്ചെടുത്തോളം വിശ്വാസം എത്രത്തോളം വലുതാണെന്നും ഓരോ രാഷ്ട്രീയ കക്ഷികളും അതിനു എത്രത്തോളം രാഷ്ട്രീയ മാനം നൽകുന്നുവെന്നും അവരുടെ പ്രചാരണ വാഹന വ്യൂഹത്തിലെ അനൗൺസ്‌മെന്റ് കേട്ടാൽ മതിയാകും. പണ്ടൊക്കെ ഓരോ വാഹനത്തിലും ഓരോരുത്തർ ആയിരുന്നു വിളിച്ചുപറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ അവിടെയും ഡിജിറ്റലൈസേഷൻ കടന്നുവന്നു. സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത പ്രസംഗങ്ങൾ ഓരോ വാഹനത്തിലും CD ആയും തമ്പ് ഡ്രൈവായും പ്ളേ ചെയ്യുന്നു. വള്ളിവീണു പറയുന്നതെന്തെന്നു തിരിച്ചറിയുവാൻ കഴിയാത്ത പ്രചാരണവാഹനങ്ങളുടെ കാലഘട്ടം കഴിഞ്ഞു.

വർഷങ്ങൾക്കു മുമ്പ് എബിവിപി ക്കു വേണ്ടി ഹൈസ്കൂൾ കാലഘട്ടത്തിൽ പ്രവർത്തനം തുടങ്ങുമ്പോൾമുതൽ കുറെ പേരെങ്കിലും ദുഷിച്ച കണ്ണുകളോടെ ഞാൻ അടക്കമുള്ള സംഘപരിവാർ വിശ്വാസികളെ നൊക്കുമായിരുന്നു , ഒറ്റപ്പെടുത്തുമായിരുന്നു, ഇന്ന് കാലം മാറി, അന്ന് എതിർത്ത സഹകരിക്കുവാൻ മടികാണിച്ച  പലരും സംഘപരിവാർ വിശ്വാസികളാണെന്നു പൊതുഇടത്തിൽ വിളിച്ചുപറയുന്നു, വ്യക്തമായ രാഷ്ട്രീയ നിലപാടെടുക്കുന്നു , കേരള രാഷ്ട്രീയത്തിൽ വ്യക്തമായ വോട്ടു ശതമാനത്തോട് കൂടി  സംഘപരിവാർ ശക്തികൾ അവരുടെ രാഷ്ട്രീയ സാനിധ്യം പ്രകടമാക്കുന്നു, വാർത്തകളിൽ ഇടംപിടിക്കുന്നു, ശക്തമായ മത്സരം പലമണ്ഡലങ്ങളിലും കാഴ്ചവെക്കുന്നു, മറ്റുള്ളയിടങ്ങളിൽ ആശയത്തിന്റെ സാനിധ്യം അറിയിക്കുവാൻ വോട്ടുശതമാനം ഉയർത്തുവാൻ ശ്രമിക്കുന്ന.


ലോകത്തെ ഏറ്റവും വലിയ ഡെമോക്രറ്റിക്കൽ ഫെസ്റ്റിവലിലെ കേരളത്തിന്റെ യും തെക്കേഇന്ത്യയുടേയും ഭാഗമാണ് നാളെ നടക്കുവാൻ പോകുന്നത്. അവിടെ എല്ലാവരും അവരുടെ സമ്മതിദാനം വിനിയോഗിക്കുവാൻ ശ്രമിക്കുക. അന്ധമായ രാഷ്ട്രീയ വിരോധം മാറ്റിവെച്ചു പുരോഗതിയിലേക്കു നയിക്കുന്ന സുസ്ഥിരമായ ഒരു ഭരണകഷിക്കായി നിങ്ങളുടെ സമ്മതിദാനം വിനിയോഗിക്കുക.
 

Friday, April 19, 2019

എലക്ഷൻ ഒക്കെഅല്ലെ ഇത്തിരി രാഷ്ട്രീയം പറഞ്ഞില്ലേൽ എങ്ങനെയാണ്!

എലക്ഷൻ ഒക്കെഅല്ലെ ഇത്തിരി രാഷ്ട്രീയം പറഞ്ഞില്ലേൽ എങ്ങനെയാണ്!
വ്യക്തിപരമായി ഇത്തവണ എന്റെ വോട്ട് മാവേലിക്കര മണ്ഡലത്തിലാണ്, മത്സരിക്കുന്ന മൂന്നു സ്ഥാനാർത്ഥികളും ഞാൻ ഉദ്ദേശിക്കുന്ന വിധം പ്രകടനം കാഴ്ചവെക്കുവാൻ കഴിവുള്ളവരാണെന്ന ചിന്ത എനിക്കില്ലാത്തതിനാൽ നോട്ടയോടാണ് താല്പര്യം. എന്നിരുന്നാലും ഇത് പാർളമെന്റ് തെരെഞ്ഞെടുപ്പായതിനാലും സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുവാനുള്ള അവസരം ആയതിനാലും നോട്ടക്കപ്പുറത്തേക്കുകൂടി ചിന്തിക്കേണ്ടതുണ്ട്.
നോട്ട് നിരോധനം ജിഎസ്ടി റാഫേൽ അഴിമതി തൊഴിൽ നഷ്ടം ഇത്രയുമാണല്ലോ കേന്ദ്രസർക്കാരിന്റെ പ്രതിപക്ഷമായ ഭൂരിപക്ഷ കേരളസമൂഹം ചർച്ചചെയ്യുന്നത്. നോട്ട് നിരോധനം വ്യക്തിപരമായി വലിയതിരിച്ചടി തന്ന വ്യക്തിയാണ് ഞാൻ, നോട്ടു നിരോധിച്ച ദിവസം ഒരു ചൊവ്വാഴ്ച ആയിരുന്നു(Nov 8 2016 ) , അന്നായിരുന്നു ഞാൻ ജീവിതത്തിൽ ആദ്യമായി ഇത്തിരി വസ്തു വാങ്ങുകയും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുവാൻ പ്ലാൻ ചെയ്യാൻ തീരുമാനിച്ചിരുന്ന ദിവസം. ഹൈന്ദവ വിശ്വാസപ്രകാരം ചൊവ്വാഴ്ച ഒരു നല്ല ദിവസമല്ലെന്നു എന്റെ അടുത്ത ഒരു കൃസ്തീയ സുഹൃത്ത് പറയുകയും even ഇസ്ലാം മതവിശ്വാസികൾ പോലും ചൊവ്വാഴ്ച വസ്തു എഴുതിക്കില്ല എന്നും പറഞ്ഞു അവൻ അത് വ്യാഴാഴ്ചയിലത്തേക്കു മാറ്റി വെപ്പിച്ചു, അന്നത്തെ പകൽ സമാധാനപരമായി പോയി, രാത്രി എട്ടു മണിക്ക് മോഡി വെടിപൊട്ടിച്ചു, വസ്തുവിന് ബാങ്കിൽ നിന്നും എടുത്തു കൊടുക്കാൻവെച്ചിരുന്ന കാശു വെറും പേപ്പർ ആയി. മോഡി പൊട്ടിച്ച വെടിയുടെ ബാക്കി ചൊവ്വാഴ്ചയെ മോശം ദിവസമാക്കിയ ലവന്റെ ചെവിയിൽ ഞാനു് പൊട്ടിച്ചു. ഏകദേശം ഒരു മാസത്തിനുശേഷം ഞാൻ വസ്തു എഴുതിച്ചു. ഇത് ഞാൻ അനുഭവിച്ച ബുദ്ധിമുട്ടെങ്കിൽ അതിനേക്കാളും വലിയ ബുദ്ധിമുട്ടനുഭവിച്ചവരും ഉണ്ടാകും. അതൊന്നും വിസ്മരിക്കുന്നില്ല.
നോട്ടു നിരോധനം കൊണ്ട് രാജ്യത്തു വലിയ അഴിമതി നടന്നു എന്നാണല്ലോ ഇപ്പോഴുത്തെ പറച്ചിൽ , കഴിഞ്ഞ 12 വർഷമായി ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ച് പോരുന്ന ഞാൻ ഇപ്പോൾ 10 രൂപയിൽ താഴെയുള്ള ചെലവുകൾക്കും paytm google പേ ഫോൺ പേ പോലെയുള്ള സർവീസ്കൾ ഉപയോഗിക്കുന്നു(കേരളത്തിൽ അല്ല), ഇവയെല്ലാം ഇന്ത്യൻ എക്കണോമിക്ക് വേണ്ടി ഉണ്ടായ സ്റ്റാർട്ടപ്പ്കളും, കൂടാതെ ഈ തുകയെല്ലാം നേരിട്ട് ബാങ്കിൽ ചെല്ലുകയും വ്യാപാരിയുടെ ക്രെഡിറ്റ് സ്കോർ ഭേദപ്പെടുത്തുന്നു, അത് ബാങ്ക് ലോൺ കിട്ടുവാൻ വ്യാപാരിയെ സഹായിക്കുന്നു, നാട്ടിലെ വട്ടിപലിശക്കാർക്കു പണി കൊടുക്കുന്നു എന്നതിനപ്പുറം സുതാര്യമായ ഒരു നികുതിവ്യവസ്ഥ കൂടി നിലവിൽ വരുവാൻ സഹായിക്കുന്നു എന്ന വസ്തുത വിമര്ശനത്തിനിടയിലും നമ്മൾ മറക്കരുത്. രണ്ടുലക്ഷം രൂപയിൽ കൂടുതലുള്ള വിനിമയത്തിന് പാൻകാർഡ് നിർബന്ധമാക്കിയതും ആദായനികുതിദായകരിൽ വലിയ വർദ്ധനവുണ്ടായതും ചരിത്രമാണ്. ഇതെല്ലം നൂറുശതമാനം ഉദ്ദേശശുദ്ധി കൈവരിച്ചില്ലെങ്കിലും സാമ്പത്തികവിനിമയരംഗത്തു മാറ്റമുണ്ടാക്കി എന്നത് ആർക്കും അംഗീകരിക്കാതിരിക്കാൻ കഴിയില്ല. ഇതൊക്കെ എങ്കിലും നിങ്ങൾ ഓരോരുത്തരും ബുദ്ധിമുട്ടിയിട്ടുണ്ടെങ്കിൽ അത് രാഷ്ട്രത്തിന്റെ നല്ല നാളേയ്ക്ക് വേണ്ടിയുള്ള സംഭാവനയായി കരുതിയാൽ മതി, എന്റെ ചിന്തകൾ അങ്ങനെയാണ്.
സുതാര്യമായ നികുതിവ്യവസ്ഥയും സാമ്പത്തികവിനിമയവുമാണ് ഏതൊരു വികസിതരാജ്യത്തിന്റെയും നട്ടെല്ല്, നോട്ടു നിരോധിക്കുന്നതിന് മുമ്പ് വരെയും നമ്മൾ വികസനപാതയിൽ ആണെങ്കിലും നോട്ടു നിരോധനം അതിനെ അഗ്രെസ്സിവ് മോഡിലേക്കുമാറ്റുവാൻ ശ്രമിച്ച ഒരു കാൽവെപ്പായിരുന്നു, പിന്നീടുള്ളത് ജി എസ് ടി ആണ്, തിയററ്റിക്കലി പറഞ്ഞാൽകേന്ദ്രീകൃത നികുതി ഏതൊരു സർക്കാരിനും നഷ്ടമാണ്, എന്നാൽ tax ചോർച്ച ഒഴിവാക്കുവാൻ കഴിഞ്ഞതും രാജ്യത്തിൻറെ ഏതെങ്കിലും ഒരുസംസ്ഥാനത്തു tax അടച്ചുവാങ്ങിയ സാധനം പിന്നീട് tax അടക്കാതെ മറ്റു സംസ്ഥാനങ്ങളിൽ ഉപയോഗിക്കുവാൻ കഴിയുന്നത് നാടുനീളെ യുള്ള ചെക്ക്പോസ്റ്റുകളും യാത്രാകുരുക്ക് ഒഴിവാക്കുവാനും GST സഹായിക്കുന്നു. കൂടാതെ GST നിലവിൽ വന്നതോടെ ബാംഗ്ലൂർ വന്നു നേരിട്ട് ഗ്രാനൈറ്റ് ഉൾപ്പെടയുള്ള സാധനങ്ങൾ വാങ്ങി നാട്ടിൽ കൊണ്ടുപോകുന്നവരുടെ എണ്ണവും കൂടി, പെട്രോളിയം പ്രൊഡക്ടുകളും GST യുടെ കീഴിൽ വന്നാൽ വലിയ രീതിയിൽ അവയുടെവിലയും കുറയും. ഡിജിറ്റലൈസേഷൻനു എതിര്‌നിക്കുന്നതുപോലെ നമ്മൾ അതിനും എതിരാണെന്ന് എവിടെയോ വായിച്ചു.
റാഫേൽ , 2005 ലെ വിലക്ക് 2019 ലെ സ്വിഫ്റ്റ് കിട്ടണം എന്നുപറയുന്നതുപോലെ അതിന്റെ വിലയിലുള്ള വ്യത്യാസത്തെ കാണാൻ കഴിയു, കാറിന്റെ പേരും മോഡലും ഒന്ന് തന്നെ , ടെക്നോളജിയും അതിലെ അക്‌സെസ്സറിസ്സും മാറുമ്പോൾ വിലയും മാറും, പിന്നെ റിലൈൻസ് , ഒരു ഇന്ത്യൻ കമ്പനി തന്നെ അല്ലെ, അവർ എങ്ങും പോയിട്ടില്ല, വ്യക്തമായ അന്വേഷണം നടക്കട്ടെ, അഴിമതി നടന്നിട്ടുണ്ടെകിൽ അവരിൽ നിന്നും ആ പണം കണ്ടത്തട്ടെ. റാഫേൽ നമ്മുടെ സൈന്യത്തിന്റെ കൂടെ ചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കണ്ടം ചെയ്യാറായ സുഖോയ് കൊണ്ട് എപ്പോഴും ശത്രുവിനെ തുരത്താൻ കഴിയണമെന്നില്ല.
പിന്നീടുള്ളത് തൊഴിൽ ഇല്ലായ്മയാണ് ,35 വയസ്സ് കടന്ന ഇതുവരെ ഒരു ഗവർമെന്റ് ജോലിക്കായുള്ള ടെസ്റ്റും എഴുതിയിട്ടില്ലാത്ത വർഷാ വർഷം ആദായ നികുതി അടക്കുന്ന വ്യക്തി എന്ന നിലയിൽ ഗവർമെന്റ് ജോലിയെ മാത്രമേ ജോലി എന്ന് കാണുന്നു എന്ന് പറയുന്നതിലെ ഔചിത്യം മനസിലാകുന്നില്ല, വികസിതരാജ്യങ്ങളിൽ പോലീസ് ജോലിപോലും കോൺട്രാക്ട് വ്യവസ്ഥയിൽ ആണ് , അപ്പോൾ ഇനി വരുന്ന തലമുറയ്ക്ക് എല്ലാവര്ക്കും ഗവർമെന്റ് ജോലി ലഭിക്കും എന്ന ചിന്തയും എനിക്കില്ല, കൂടാതെ കൂടുതൽ ജോലികളും ഓട്ടോമേഷൻ ഏറ്റെടുക്കുന്നു, പണ്ട് പശുവിനെ പിഴിയാൻ ആളുവേണ്ടിടത്തു ഇപ്പോൾ മെഷീൻ അത് ചെയ്യുമെന്ന കാര്യം നമ്മൾ മറക്കരുത്, ഡോക്ടറെ കാണുവാൻ ആശുപത്രിയിൽ പോകേണ്ട , മൊബൈൽ ആപ്പ് വഴി അവരുമായി സംവദിച്ചു ഓവർ ദി കൌണ്ടർ മെഡിസിൻ കിട്ടുന്നകാലമാണ്. പണ്ട് ആശുപത്രിയിൽ മാത്രം നോക്കിയിരുന്ന ഷുഗർ പ്രഷർ ഓക്കേ ഇപ്പോൾ വീട്ടിൽ സ്വന്തമായി നോക്കാം. ഒറ്റയ്ക്ക് ഏക്കറുകളോളം കൃഷി ഇറക്കുവാൻ സഹായിക്കുന്ന മെഷിനറികൾ മറ്റുരാജ്യങ്ങളിൽ ഇപ്പോൾ തന്നെ ഉപയോഗിക്കുന്നു. ഇനിയുമേറെ മാറ്റങ്ങൾ കമ്പനി കാണാനിരിക്കുന്നതെയുള്ളു.
2014 ൽ നരേന്ദ്ര മോദി വന്നപ്പോൾ ന്യൂനപക്ഷങ്ങൾക്കു എന്തോ വിപത്തുവരുന്നു എന്നരീതിയിലായിരുന്നു പ്രചാരണം, ഒന്നും സംഭവിച്ചില്ല, തെളിയിക്കുവാൻ കഴിയാത്ത അഴിമതി ആരോപങ്ങളുമായി കോടതി കയറുകയും തിരിച്ചടി വാങ്ങുകയും ചെയ്യുന്നു. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ്, അതിന്റെ കൂടെ ഇന്ത്യയിൽ നിന്നുള്ള കമ്പനികളും വളരും, അവ ഗുജ്‌റാത് മഹാരാഷ്ട്ര ബാംഗ്ലൂർ മാത്രം ആയിപോകുന്നത് നമ്മുടെ സംസ്ഥാനം ഭരിച്ചവരുടെ കുഴപ്പമാണ്, അപ്പോൾ അത്തരം കമ്പനികൾക്കെതിരെ സംസാരിച്ചു സമയംകളയാതെ നമ്മുടെ നാട്ടിലും അവരോടു കിടപിടിക്കുവാൻ കഴിയും വിധം പുതിയ പ്രസ്ഥാങ്ങൾ തുടങ്ങുവാനുള്ള അവസരം ഉണ്ടാക്കികൊടുക്കുകയാണ് വേണ്ടത്. എല്ലാം ഗവർമെന്റ് സെക്ടറിൽ തന്നെ ചെയ്യാം എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്.അപ്പോൾ പറഞ്ഞു വന്നത് വളരെ സിമ്പിൾ ആയ കാര്യമാണ്, വികസനമാണ് നിങ്ങള്ക്ക് വേണ്ടതെങ്കിൽ NDA യെ സാരഥികളെയും അതിലൂടെ മോദിയെയും തെരഞ്ഞെടുക്കുക, സ്വജനപക്ഷപാതം കുടുംബവാഴ്ചയാണ് രാജ്യത്തെ പിന്നോട്ട് വലിക്കുന്ന മറ്റുഘടകങ്ങൾ ഒക്കെയാണ് ഇഷ്ടപ്പെടുന്നതെങ്കിൽ NDA ഇതര കക്ഷികൾക്ക് വോട്ട് ചെയ്യുക. എന്തായാലും ഞാൻ ആദ്യത്തേതിന്റെ കൂടെയാണ്.
സവീഷ്